• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫിലിപ്പ് ചെറിയാന്‍ എന്തു കൊണ്ടു വിജയിക്കണം (സോമരാജന്‍ പണിക്കര്‍)

ഞാന്‍ പ്രവര്‍ത്തനമേഖല കൊണ്ട് ഒരു ബയോ മെഡിക്കല്‍ എഞ്ചിനീയറും എം ആര്‍ ഐ സ്‌പെഷ്യലിസ്റ്റും ആണ്. 

എന്നാല്‍ എന്റെ കുഗ്രാമമായ അരീക്കരയുടെ കഥകള്‍ ഫേസ് ബുക്കില്‍ നൂറോളം എഴുതി അനുഭവ കഥാ എഴുത്തുകാരന്‍ ആയി മാറി. എല്ലാ കഥകളും എന്റെ ഗ്രാമത്തിലെ സാധാരണ മനുഷ്യരേ പറ്റി ആണ് എന്നാല്‍ അവര്‍ എനിക്കു സാധാരണ മനുഷ്യര്‍ അല്ല. അവര്‍ എന്നെ ജീവിതത്തില്‍ ഒരു സര്‍വ്വകലാശാലയിലും പഠിപ്പിക്കാത്ത സ്‌നേഹവും കരുണയും കരുതലും പഠിപ്പിച്ചവരാണു. അത്തരം കഥകളുടെ ഒരു വായനക്കാരന്‍ എന്ന നിലയിലാണു ഫിലിപ് ചെറിയാന്‍ എന്ന, എല്ലാവരും സാം എന്നു വിളിക്കുന്ന പ്രശസ്തനായ അമേരിക്കന്‍ മലയാളിയേ ഞാന്‍ പരിചയപ്പെടുന്നതു. ചെങ്ങന്നൂരോടുള്ള അടുപ്പം, അതിനടുത്തുള്ള എന്റെ ഗ്രാമത്തിലേ കഥകള്‍, ഒക്കെ ചേര്‍ന്നപ്പോള്‍ അദ്ദേഹം എന്റെ പ്രിയ വായനക്കാരനും അതു വഴി ഹൃദയ നൈര്‍മല്യമുള്ള സുഹൃത്തും ആയി.. അതാണ് ഞങ്ങളുടെ സൌഹൃദത്തിന്റെ തുടക്കം.

എന്റെ പ്രവര്‍ത്തന മേഖല കാന്തവും (മാഗ്‌നെറ്റ്) എം .ആര്‍ .ഐ യും ആയതിനാല്‍ ആയിരിക്കണം അദ്ദേഹം കാന്തശക്തിയുള്ള ഒരു വ്യക്തിത്വത്തിനു ഉടമ ആണെന്നു തിരിച്ചറിയാന്‍ എനിക്ക് അധിക സമയം വേണ്ടിവന്നില്ല. 

അദ്ദേഹം ഇടക്കിടെ ഫോണ്‍ വിളിക്കുന്നതിനനുസരിച്ചു ഞാന്‍ അദ്ദേഹത്തേ സാവധാനം പഠിക്കാനും മനസ്സിലാക്കാനും ശ്രമിച്ചു. 
എം .ആര്‍ .ഐ ഉപകരണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ അദ്ദേഹത്തേ കുറേശ്ശെ സ്‌കാന്‍ ചെയ്തു. അതു പുതിയ കുറേ വിസ്മയങ്ങള്‍ എനിക്കു സമ്മാനിച്ചു. ഞാന്‍ നേരില്‍ കണ്ടിട്ടില്ല എങ്കില്‍ കൂടി അദ്ദേഹത്തിന്റെ ഫോണ്‍ വിളികളും സംഭാഷണവും കേട്ടിരുന്നാല്‍ വര്‍ഷങ്ങളായി തമ്മില്‍ പരിചയം ഉള്ള ഒരു വ്യക്തിയെ പോലേ ഒരു അനുഭവം ആണ്. അതാണു ഞാന്‍ സാമിനെ ഒരു മാഗ്‌നെറ്റിക് പേര്‍സണാലിറ്റി എന്നു വിളിക്കാന്‍ കാരണം.

പാലാ സെന്റ് തോമസ് കോളേജില്‍ നിന്നു ബോട്ടണിയില്‍ ബിരുദവും എം . എ ലിറ്ററേച്ചര്‍ ബിരുദാനന്തര ബിരുദവും. അമേരിക്കയില്‍ എത്തി പിന്നീട് എന്റെ മേഖല കൂടി ആയ അള്‍ട്രാസൗണ്ട് ടെക്‌നോളജി ബിരുദം. പാലാ സെന്റ് തോമസ് കോളേജിലേ ഫുട്ട് ബോള്‍ ചാമ്പ്യന്‍ ആയിരുന്നു. ഗായകന്‍ ആണു. വോളി ബോള്‍ താരങ്ങള്‍ ആയ ജോസ് ജോര്‍ജ്ജിന്റെയും ഗോപിനാഥിന്റെയും സഹപാഠി ആയിരുന്നു.ജിമ്മി ജോര്‍ജ് ക്ലാസ്‌മേറ്റായിരുന്നു. 

 

 അമേരിക്കയില്‍ എത്തി കൈവെയ്ക്കാത്ത മേഖലകള്‍ ഇല്ല. കൃഷി, ഡാലിയ പൂക്കള്‍ സംരക്ഷണം, ഫോട്ടോ ഗ്രാഫി, സാമൂഹ്യ സേവനം, സംഘടനാ പ്രവര്‍ത്തനം, സംതൃപ്തമായ ഒരു കുടുംബം, സാം എന്ന ഫിലിപ് ചെറിയാന്‍ എല്ലാ അര്‍ഥത്തിലും ഒരു തേരോട്ടം നടത്തി തൊടുന്നതെല്ലാം പൊന്നാക്കുക ആയിരുന്നു. അദ്ദേഹത്തിന്റെ കലാകാരന്‍മാരോടുള്ള അടുപ്പം ആണ് ശരിക്കും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞത്.

ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞതു 'സോം, എനിക്കു ജീവിതത്തില്‍ ഒന്നും വെട്ടിപ്പിടിക്കാന്‍ മോഹം ഇല്ല, ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചതിന്റെ എത്രയോ മടങ്ങാണു സര്‍വ്വശക്തനായ ദൈവം എനിക്കു തന്നതു. എനിക്കു പരാതികള്‍ ഇല്ല, എന്റെ കുടുംബത്തിനു എന്നെ പറ്റി അഭിമാനം ആണു. എനിക്കു തിരിച്ചും, എന്നെ സ്‌നേഹിക്കുന്ന ഭാര്യ ആനി ഉണ്ടു. മക്കള്‍ ഷരിനും ഷിനുവും ഉണ്ടു, ലോകം നിറയേ സുഹൃത്തുക്കളും ഉണ്ടു. അവരാണു ശരിക്കും എന്റെ ഊര്‍ജ്ജം. അവര്‍ എന്നെ സ്‌നേഹിക്കുന്നതു കൊണ്ടാണു ജീവിതം ഇത്ര മനോഹരം ആയി എനിക്കു തോന്നുന്നതു. അതു കൊണ്ടു അവര്‍ക്കു വേണ്ടി എന്നാല്‍ കഴിയുന്ന എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ് ' 
ഞാന്‍ ശരിക്കും അന്വേഷിച്ച അദ്ദേഹത്തിന്റെ മാഗ്‌നെറ്റിക് പേര്‍സണാലിറ്റിയുടെ രഹസ്യം അങ്ങിനെ അദ്ദേഹം തന്നെ വിവരിച്ചു. 

ഫോമായുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കു ഒരു പാനലിലും പെടാതെ സ്വതന്ത്രന്‍ ആയി മല്‍സരിക്കുന്നു എന്നു അദ്ദേഹം ആദ്യമായി എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചു ചോദിച്ചതു സാം എന്താണു പ്രസിഡണ്ടു സ്ഥാനത്തേക്കു മല്‍സരിക്കാഞ്ഞതു എന്നായിരുന്നു. കാരണം എനിക്കു അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ശൈലിയും നിശ്ചയ ദാര്‍ഡ്യവും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി തയ്യാറായതും ഒക്കെ ബോദ്ധ്യം വന്നിരുന്നു.

ഫിലിപ് ചെറിയാന്‍ ആയിരിക്കും മല്‍സര രംഗത്തുള്ള ഏറ്റവും ശക്തനായ, സമര്‍ഥനായ, സ്വതന്ത്ര സ്ഥാനാര്‍ഥി എന്നതില്‍ രണ്ടു പക്ഷമില്ല. ഒരു പക്ഷേ ഫോമയുടെ ചരിത്രത്തില്‍ ഇങ്ങനെ ഒരു പാനലിലും പെടാതെ ഒരു സ്വതന്ത്രനായി മല്‍സരിക്കുന്ന വൈസ് പ്രസിഡണ്ടു സ്ഥാനാര്‍ഥിയും ഫിലിപ് ചെറിയാന്‍ ആയിരിക്കും. എന്റെ പ്രതീക്ഷ അനുസരിച്ചു അദ്ദേഹം അട്ടിമറി വിജയം നേടുകയും ചെയ്യും.

എന്തു കൊണ്ടാണു അദ്ദേഹം വിജയിക്കേണ്ടതു? അദ്ദേഹം എന്റെ സുഹൃത്തായതു കൊണ്ടോ എനിക്കു അറിയാവുന്നതു കൊണ്ടോ ആണെന്നു പറയുന്നതു അല്‍പ്പം സ്വാര്‍ഥത തന്നെയാണ്. എന്നാല്‍ ഞാന്‍ അറിയുന്ന ഫിലിപ് ചെറിയാന്‍ എന്നു പറഞ്ഞതു അദ്ദേഹത്തിന്റെ മാജിക് ആയതോ മാഗ്‌നെറ്റിക് ആയതോ ആ വ്യക്തിത്വത്തേ അറിയുന്ന ആരും അദ്ദേഹം ഈ വലിയ സംഘടനയുടെ വൈസ് പ്രസിഡണ്ടു ആകണം എന്നു ആഗ്രഹിച്ചു പോകുന്നതു കൊണ്ടാണു .

അദ്ദേഹം ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം പോലത്തെ ഒരു ഫൈറ്റര്‍ ആണ് എന്ന് എനിക്ക് തോന്നുന്നു. എത്ര വലിയ മത്സരത്തിലും സമ്മര്‍ദ്ദം അനുഭവിക്കുകയോ സമ്മര്‍ദ്ദത്തിനു വഴങ്ങുകയോ പിന്‍മാറുകയോ ചെയ്യുന്ന ആളല്ല. വ്യക്തമായ ധാരണയും ജയിച്ചാല്‍ എന്തൊക്കെ ചെയ്യണമെന്നും നിശ്ചയിച്ചുറപ്പിച്ച വ്യക്തിയാണ് . 

എത്രയോ സംഘടനകളില്‍ അദ്ദേഹം വിവിധ സ്ഥാനങ്ങള്‍ വഹിച്ചു പ്രവര്‍ത്തിക്കുകയും കഴിവു തെളിയിക്കുകയും ചെയ്ത ആളാണു. 

ഹഡ്‌സണ് വാലി മലയാളി അസോസിയേഷന്, മലയാളി അസോസിയേഷന് ഓഫ് റോക്ക് ലാന്ഡ് കൗണ്ടി (മാര്ക്) റോക്ക് ലാന്ഡ് മലയാളി അസോസിയേഷന് (റോമ) എന്നീ സംഘടനകളുടെ സ്ഥാപക അംഗവും റോമ അസോസിയേഷന്റെ ട്രസ്റ്റി ബോര്ഡ് ചെയര്മാനുമാണ് .

അദ്ദേഹത്തേ പറ്റി ഞാന്‍ അത്ഭുതപ്പെട്ടു പോയത് ന്യൂയോര്‍ക്ക് പോലെ ഒരു മഹാനഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെ കൃഷികളെയും ഡാലിയ തോട്ടത്തെപറ്റിയും അറിഞ്ഞപ്പോള്‍ ആണ് . പാവലും പടവലും വാഴയും ഇരുനൂറോളം ഡാലിയ പൂക്കളുടെ ഇനങ്ങളും ഒക്കെ സംരക്ഷിക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതി സ്‌നേഹം ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. 

സുഹൃത്തുക്കളെ പറ്റി അദേഹത്തിന് തോന്നുന്ന അഭിമാനവും പ്രവാസി സംഘടനാ പ്രവര്‍ത്തനവും ഒക്കെ അദ്ദേഹം സൂചിപ്പിക്കുമ്പോള്‍ ഞാന്‍ ഇദ്ദേഹത്തെ അറിയാന്‍ വൈകിയതില്‍ നിരാശ തോന്നി. അല്ലെങ്കില്‍ മൂന്നു കൊല്ലം മുന്‍പ് ഷിക്കാഗോവില്‍ വന്നപ്പോള്‍ അദ്ദേഹത്തെ കാണാനും വിസ്മയകരമായ ആ ഡാലിയ തോട്ടവും കൃഷിയും ഒക്കെ കാണാന്‍ ഞാന്‍ സമയം കണ്ടെത്തുമായിരുന്നു. 

എന്റെ അമേരിക്കയിലുള്ള സുഹൃത്തുക്കളോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് ഫിലിപ്പ് ചെറിയാനെ എന്തുകൊണ്ടും ഈ സ്ഥാനത്തേക്ക് വിജയിപ്പിക്കണം എന്നാണു . മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി ജോലി മതിയാക്കി അദ്ദേഹം സജീവമാകാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോള്‍ ആ പ്രതിബദ്ധത മനസ്സിലാക്കാന്‍ എനിക്ക് മറ്റൊരു സാക്ഷ്യം വേണ്ട.

ഞാന്‍ അറിഞ്ഞ ഫിലിപ്പ് ചെറിയാന്‍ ഒരു ബഹുമുഖ പ്രതിഭ തന്നെയാണ്, ഗായകനും കലാകാരനും കായിക പ്രേമിയും സംഘാടകനും ആണ് . ഫോമ പോലെ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ വൈസ് പ്രസിഡന്റ് ആവാന്‍ സര്‍വഥാ യോഗ്യന്‍ ആയ ഒരാളാണ് . 

അദ്ദേഹം ജയിക്കേണ്ട ഒരാളാണ്, ഒരിക്കലും തോല്‍ക്കാന്‍ പാടില്ലാത്ത ഒരാള്‍ ആണ്. അദ്ദേഹത്തിന്റെ ജയം അദ്ദേഹത്തിന്റെ ലോകമെമ്പാടും ഉള്ള സുഹൃത്തുക്കളുടെ ആവശ്യവും അഭിമാനവും കൂടി ആണ്.

അദ്ദേഹം ജയിച്ചു വരട്ടെ! 

Top