കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫാദര്‍ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്തു. ഫോണിലൂടെ ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സിസ്റ്ററിന് ഒത്തുതീര്‍പ്പ് വാഗ്ദാനം നല്കിയ സി.എം.ഐ സഭയിലെ വൈദികനെതിരെയാണ് കേസെടുത്തത്.
ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കുറുവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മരണഭയമുളവാക്കുന്ന തരത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കുമെന്നാണ് വൈദികന് വാഗ്ദാനം ചെയ്തത്. അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും അറിയിച്ചു.ബിഷപ്പിനെതിരെ നല്കിയ പരാതിയില്‍ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യമെന്നും വീട്ടുകാര്‍ വ്യക്തമാക്കി. എന്നാല്‍ സിസ്റ്റര്‍ വഴങ്ങിയില്ല. തുടര്‍ന്ന് വൈദികന്റെ ഫോണ്‍ സന്ദേശം പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.