ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായി തുടുരുന്നതിനിടെ പിന്തുണ തേടി പി.ജെ.ജോസഫ് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി.
യുഡിഎഫ് നേതൃത്വം കൂട്ടമായി ആലോചിച്ച് ഒരു തീരുമാനം പറയാമെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചതെന്ന് ജോസഫ് കൂടിക്കാഴ്‌ചക്ക് ശേഷം പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ജോസഫ് കണ്ടു. മോന്‍സ് ജോസഫ് എംഎല്‍എയും ടി.യു.കുരുവിളയും ജോസഫിനൊപ്പമുണ്ടായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ച കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും മാണി വിഭാഗം ഇത് തള്ളി തോമസ് ചാഴികാടന് സീറ്റ് നല്‍കുകയായിരുന്നു. ജോസഫ് അനുകൂലികളായ നിരവധി നേതാക്കള്‍ ഇതിനോടകം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയുണ്ടായി.
കോട്ടയത്ത് റിബലായി പി.ജെ.ജോസഫ് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇടുക്കി സീറ്റില്‍ മത്സരിക്കാനുള്ള കരുനീക്കങ്ങളാണ് ജോസഫ് ഇപ്പോള്‍ നടത്തുന്നതെന്നാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് പിന്തുണ നേടിയെടുക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. അതേസമയം ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ട്‌കൊടുക്കാനുള്ള സാധ്യതയും വിരളമാണ്. മറ്റെന്തെങ്കിലും തന്ത്രങ്ങളുപയോഗിച്ച് ജോസഫിനെ അനുനയിപ്പിച്ച് നിര്‍ത്താനാകും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുക. തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പിളര്‍ന്നാലും യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ട്.
അതേ സമയം മാണിവിഭാഗം ഒരു വിട്ടുവീഴ്‌ചക്കും തയ്യാറല്ല. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്.