• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പരാതി ഫലിച്ചു; സിനിമാമേഖലയിലെ വനിതകളുടെ പ്രശ്നത്തിന്മേൽ ആറ് മാസത്തിനകം റിപ്പോർട്ട്.

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റി ആറ് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സാസ്‌ക്കാരിക മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. വനിതാ കൂട്ടായ്‌മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ രൂപീകരിച്ചിരുന്നെങ്കിലും റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് മന്ത്രിയെക്കണ്ട് പരാതി നല്‍കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മന്ത്രിയുടെ ഇടപെടലുണ്ടായത്.

ജസ്‌റ്റിസ് ഹേമയ്ക്ക് പുറമെ കമ്മിറ്റി അംഗങ്ങളായ നടി ശാരദ, വത്സലകുമാരി റിട്ട. ഐ.എ.എസ് എന്നിവര്‍ മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചിരുന്നു. രൂപീകരിച്ചതിന് ശേഷം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാരുന്നു സന്ദര്‍ശനം. എറണാകുളത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കാനാണ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്നും എല്ലാ സഹായവും ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

സിനിമാ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ഈ സംരംഭം ഒരു പക്ഷെ ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ജസ്‌റ്റിസ് ഹേമ അഭിപ്രായപ്പെട്ടു. കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്ന കമ്മീഷനെ നിയോഗിക്കുകയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത് സിനിമാ രംഗം അത്യധികം പ്രാധാന്യത്തോടെ നോക്കിക്കാണുന്നുണ്ട്. ഈ അവസരം സിനിമാ രംഗത്തെ എല്ലാവിഭാഗം പ്രവര്‍ത്തകരും സംഘടനയും പ്രയോജനപ്പെടുത്തുമെന്നും കമ്മിറ്റിയുടെ പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top