പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി (52)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് സൂചന. കൂട്ടം ചേരുക, വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മകന്‍റെ കുട്ടിയുടെ ചോറൂണിനാണ് ലളിത സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെ ലളിത വലിയ നടപ്പന്തലിലെത്തിയതോടെ പ്രതിഷേധവുമായി നൂറുകണക്കിന് ഭക്തര്‍ പാഞ്ഞടുക്കുകയായിരുന്നു. ചെറുമക്കള്‍ ഉള്‍പ്പെടെ ഒരു സംഘമായാണു ലളിത ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ദര്‍ശനത്തിന് യുവതിയെത്തിയെന്ന സംശയത്തില്‍ സന്നിധാനത്ത് ലളിതയ്ക്ക് നേരെ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു.
ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്ന് പൊലീസ് അറിയിച്ചു. ലളിതയ്ക്ക് അന്‍പതു വയസിനുമുകളില്‍ പ്രായയമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് ഭക്തര്‍ തന്നെ ദര്‍ശനത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധം നടന്നതെന്നു ലളിത പറഞ്ഞു.