ഈ ടൂര്‍ണമെന്റിന്റെ ആരംഭത്തില്‍ ഒരാള്‍ പോലും ഫൈനല്‍ കാണുമെന്ന് പ്രവചിക്കാത്ത ടീമാണ് ക്രൊയേഷ്യ. എന്നാല്‍ ഇന്ന് എല്ലാം മത്സരവും വിജയിച്ച് ഫൈനലില്‍ നില്‍ക്കുകയാണ് ഈ ടീം. ക്രൊയേഷ്യയുടെ ഫൈനലിലേക്കുള്ള വഴി നോക്കാം.
ഗ്രൂപ്പ് ഘട്ടം;
അര്‍ജന്റീന, നൈജീരിയ, ഐസ്ലാന്റ് ഒട്ട എളുപ്പമല്ലാത്ത ഒരു ഗ്രൂപ്പ് ആയിരുന്നു ക്രൊയേഷ്യക്ക് റഷ്യയില്‍ ലഭിച്ചത്. എങ്കിലും അര്‍ജന്റീനയ്ക്ക് പിറകില്‍ രണ്ടാമതായി ക്രൊയേഷ്യ രണ്ടാം റൗണ്ടിലേക്ക് കയറുമെന്ന് എല്ലാവരും പ്രവചിച്ചു. പക്ഷെ പ്രവചനങ്ങള്‍ക്കും മീതെ ക്രൊയേഷ്യ പറന്നു. ആദ്യം നൈജീരിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ സാക്ഷാല്‍ മെസ്സിയുടെ അര്‍ജന്റീനയെ പിച്ചി ചീന്തി എന്നു തന്നെ പറയാം.എതിരില്ലാത്ത മൂന്ന് വമ്ബന്‍ ഗോളുകളുടെ പരാജയം. റാകിറ്റിചും മോഡ്രിചുമെല്ലാം ഗോള്‍ പട്ടികയില്‍ ഇടംപിടിച്ച ആ മത്സരം അര്‍ജന്റീനയുടെ അടുത്ത കാലത്തെ ഏറ്റവും മോശം പ്രകടനമായി തന്നെ മാറി. പ്രമുകര്ക്കൊക്കെ വിശ്രമം നല്കി ഇറങ്ങിയിട്ടും ഗ്രൂപ്പിലെ അവസാന മത്സരവും ക്രൊയേഷ്യ ജയിച്ചു. ഐസ്ലാന്റിനെ ആയിരുന്നു ക്രൊയേഷ്യ തോല്‍പ്പിച്ചത്. 2-1 എന്നായിരുന്നു സ്കോര്‍. 9 പോയന്റുമായി ഗ്രൂപ്പ് ചാമ്ബ്യന്മാര്.
പ്രീക്വാര്‍ട്ടറില്‍ സുബാസിച് താരം;
പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്ക് ആയിരുന്നു ക്രൊയേഷ്യയുടെ എതിരാളികള്‍. ആദ്യ 4 മിനുട്ടില്‍ തന്നെ രണ്ട് ഗോളുകള്‍ പിറന്ന മത്സരം അവസാനം പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. എക്സ്ട്രാ ടൈമില്‍ വിജയിക്കാനുള്ള സുവര്‍ണ്ണാവസരം പെനാള്‍ട്ടി നഷ്ടപ്പെടുത്തികൊണ്ട് മോഡ്രിച് ആണ് കളി ഷൂട്ടൗട്ടില്‍ എത്തിച്ചത്. കാസ്പര്‍ ഡെന്മാര്‍ക്കിനായും സുബാസിച് ക്രൊയേഷ്യക്കായും മികച്ചു നിന്ന മത്സരത്തില്‍ അന്തിമ വിജയം സുബാസിച് സ്വന്തമാക്കുകയായിരുന്നു. ഡെന്മാര്ക്കിന്റെ 5 പെനാള്‍ട്ടി കിക്കുകളില്‍ മൂന്നെണ്ണമാണ് അന്ന് സുബാസിച് തടഞ്ഞിട്ടത്.
ക്വാര്‍ട്ടറില്‍ റഷ്യന്‍ കടമ്ബ;
ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യ ആയിരുന്നു എതിരാളികള്‍. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ റഷ്യ കാണിച്ച പോരാട്ടവീര്യം 120 മിനുട്ട് പിന്നിട്ടപ്പോള്‍ കളി 2-2 എന്ന നിലയില്‍ എത്തിച്ചു. വീണ്ടും പെനാള്‍ട്ടി ഷൂട്ടൗട്ട്. ഇത്തവണ റഷ്യന്‍ താരങ്ങളും സുബാസിചും ഒന്നിച്ച് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയെ രക്ഷിച്ചു.
സെമിയില്‍ ഇംഗ്ലണ്ടിനെതിരെ തിരിച്ചുവരവ്;
കളിയുടെ തുടക്കത്തില്‍ തന്നെ സെമിയില്‍ ക്രൊയേഷ്യ ഒരു ഗോളിന് പിറകില്‍ പോയിരുന്നു. പക്ഷെ പ്രീക്വാര്‍ട്ടറിലെയും ക്വാര്‍ട്ടറിലെയും പോലെ സെമിയിലും ക്രൊയേഷ്യ തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ പെരിസിചിലൂടെ ആദ്യം സമനില. പിന്നീട് എക്സ്ട്രാ ടൈമില്‍ മാന്സുകിചിലൂടെ വിജയ ഗോളും. ക്രൊയേഷ്യ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലില്‍ എത്തി.