2019 ലോകകപ്പിനായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടീം സന്തുലിതമാണെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി. ടീമില്‍ ഉള്‍പ്പെടാത്തവരെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താനില്ലെന്നുപറഞ്ഞ ശാസ്‌ത്രി കിട്ടിയ ടീമിനെ മത്സരത്തിനായി ഒരുക്കുക എന്നതാണ് തന്റെ കര്‍ത്തവ്യമെന്നും വ്യക്തമാക്കി.
120 കോടി ജനങ്ങളില്‍നിന്ന് 15 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. എത്രയോ മികച്ച കളിക്കാര്‍ ടീമിലേക്ക് പ്രവേശനം കാത്തിരിക്കുന്നുണ്ട്. അവരെല്ലാം ക്ഷമയോടെ കാത്തിരിക്കുക എന്നുമാത്രമേ പറയാനുള്ളു. ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്, അദ്ദേഹം പറഞ്ഞു.
ലോകകപ്പില്‍ ഇംഗ്ലണ്ടായിരിക്കും എല്ലാവരും പേടിക്കേണ്ട ടീം. രണ്ട് വര്‍ഷമായി അവര്‍ മികച്ച ഫോമിലാണ്. അവരുടെ മണ്ണില്‍, അവരുടെ കാലാവസ്ഥയില്‍ കളി നടക്കുന്നു എന്നതും അവരുടെ അനുകൂല ഘടകമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ അവര്‍ തിളങ്ങുന്നുണ്ട്. ഇന്ത്യയും ആരെയും തോല്‍പ്പിക്കാനാവുന്ന ടീം തന്നെയാണ്. ആദ്യത്തെ നാല് കളികളില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുക എന്നത് പ്രധാനമാണെന്നും ശാസ്‌ത്രി ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റിലെ മിക്ക ടീമുകളും ആരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് ഏറെ ആവേശം നല്‍കുന്നുണ്ട്. ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്‌മാന്‍ ആരായിരിക്കണമെന്നത് ഇപ്പോള്‍ ആലോചിക്കേണ്ട കാര്യമില്ല. അതെല്ലാം എതിരാളികളും സാഹചര്യങ്ങളും അനുസരിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. ഇംഗ്ലണ്ടിലും ലോകത്ത് എല്ലായിടത്തും കാലാവസ്ഥ വളരെ പെട്ടെന്ന് മാറുന്നുണ്ട്. ഈ മാറ്റങ്ങളുമായി ഇന്ത്യയുടെ കളിക്കാര്‍ പൊരുത്തപ്പെടേണ്ടതുമുണ്ട്. ശാസ്‌ത്രി ചൂണ്ടിക്കാട്ടി.