• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

മോദി ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യം നശിച്ചു; ലോക പട്ടികയില്‍ ഇന്ത്യയ്ക്ക് 138-ാം സ്ഥാനം

ന്യൂഡല്‍ഹി: മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ലോക റാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴേക്ക്. നേരത്തെ 136-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 138-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.

പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍.എസ്.എഫ്) എന്ന സംഘടനയാണ് 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കിയത്.

മാധ്യമ സ്വാതന്ത്രത്തില്‍ ഒന്നാം സ്ഥാനത്ത് നോര്‍വെയാണ്. എറിത്രിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, ചൈന, സിറിയ, എന്നീ രാജ്യങ്ങള്‍ യഥാക്രമം 175 മുതല്‍ 179 വരെയുളള സ്ഥാനങ്ങളിലാണ്. ഉത്തരകൊറിയ പട്ടികയില്‍ ഏറ്റവും പിന്നിലാണ്.

ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവും രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമാണ് ലോക പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നോട്ടാക്കിയത്. ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടാനിടയായ സംഭവം പരാമര്‍ശിച്ചാണ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ ഇന്ത്യയില്‍ കുറഞ്ഞത് മൂന്ന് മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. സംഘപരിവാറിനെതിരെയുള്ള വിമര്‍ശനവും ഭരണകക്ഷികള്‍ക്കെതിരായ വിമര്‍ശനങ്ങളും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ നേരിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെ ഇല്ലാതാക്കുന്ന വിധത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Top