ബുവനോസ് ആരീസ്: യൂത്ത് ഒളിന്പിക്സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ഷൂട്ടിംഗില്‍ മനു ഭാക്കറാണ് ഇന്ത്യക്കായി സ്വര്‍ണം കരസ്ഥമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ 236.5 പോയിന്റ് നേടിയായിരുന്നു ഭാക്കറുടെ നേട്ടം. റഷ്യയുടെ ലന എനിന വെള്ളിയും നിനോ ഖുദ്സിബെരിദ്സ് വെങ്കലവും നേടി. യൂത്ത് ഒളിന്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലാണ് ഭാക്കര്‍ നേടിയത്.
നേരത്തെ, ആണ്‍കുട്ടികളുടെ 62 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ജെറെമി ലാല്റിന്നുന്ഗ ഇന്ത്യക്കായി സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. പതിനഞ്ചുകാരനായ ഐസ്വാള്‍ സ്വദേശി ലോക യൂത്ത് ചാന്പ്യന്ഷിപ്പില് വെള്ളി മെഡല്‍ ജേതാവാണ്. 274 കിലോഗ്രാം ഉയര്‍ത്തി ഇന്ത്യന്‍ താരം സുവര്‍ണ നേട്ടത്തിലെത്തി. സ്നാച്ചില്‍ 124 കിലോഗ്രാം, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 150 കിലോഗ്രാം എന്നിങ്ങനെയാണ് ജെറോമി ഉയര്‍ത്തിയത്. 263 കിലോഗ്രാം ഉയര്‍ത്തിയ തുര്‍ക്കിയുടെ ടോപ്ടാസ് കാനര്‍ വെള്ളിയും 260 കിലോഗ്രാം ഉയര്‍ത്തിയ കൊളംബിയയുടെ വില്ലര്‍ സ്റ്റീവന്‍ വെങ്കലവും കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ തുഷാര്‍ മാനെ, പെണ്‍കുട്ടികളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയില്‍ തബാബി ദേവി, പെണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഹൂലി ഘോഷ് എന്നിവരും ഇന്ത്യക്കായി വെള്ളി കരസ്ഥമാക്കി. കഴിഞ്ഞ തവണ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്.