• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രണയിച്ച്‌ വിവാഹം കഴിച്ച യുവാവിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി

ഗാന്ധിനഗര്‍ (കോട്ടയം): പ്രേമിച്ച്‌ വിവാഹം കഴിച്ച യുവാവിനെയും ബന്ധുവിനെയും അര്‍ധരാത്രി വീടിന്റെ വാതില്‍ തകര്‍ത്ത് തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിനെ(26)യും ബന്ധു മാന്നാനം കളമ്ബാട്ടുചിറ അനീഷി(31)നെയുമാണ് നവവധുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചു. കെവിനെക്കുറിച്ച്‌ വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് നവവധു കൊല്ലം തെന്‍മല ഷനുഭവനില്‍ നീനു (20) പോലീസില്‍ പരാതിപ്പെട്ടു.

പെണ്‍കുട്ടിയുടെ സഹോദരനടക്കം 12 പേര്‍ക്കെതിരേ അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. സഹോദരന്‍ അടുത്തിടെയാണ് വിദേശത്തുനിന്ന് വന്നത്. ഇവര്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനങ്ങളിലൊന്ന് തെന്മല പോലീസ് കസ്റ്റ‍ഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദവിദ്യാര്‍ഥിനിയായിരുന്നു നീനു. 24-ന് പരീക്ഷാവിവരം അറിയാനാണ് നീനു കോട്ടയത്തെത്തിയത്. വൈകീട്ട് 7.30-ന് നീനു വീട്ടില്‍ വിളിച്ച്‌ കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല.

നീനുവിന്റെ ബന്ധുക്കള്‍ 25-നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി.

വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കള്‍ പറഞ്ഞു. കെവിനൊപ്പം താമസിക്കാനാണ് താത്‌പര്യമെന്ന് നീനു അറിയിച്ചിട്ടും അത്‌ പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചെന്നും അവര്‍ ആരോപിച്ചു.

നീനു പ്രതിഷേധിച്ചപ്പോഴാണ് കെവിനൊപ്പം പോകാന്‍ പോലീസ് സമ്മതിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് നീനു മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോസ്റ്റലിലേക്കും കെവിന്‍ അനീഷിന്റെ വീട്ടിലേക്കും പോയി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു കാറുകളിലായി എത്തിയവര്‍ അനീഷിന്റെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് ഇരുവരെയും വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരെയും മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. പുലര്‍ച്ചെ നാലുമണിക്ക് അനീഷിനെ പുനലൂരില്‍ ഇറക്കിവിട്ടു.

അനീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീനുവിനെ വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി കെവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

Top