ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടന്മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. 17 വര്‍ഷത്തോളം നീണ്ട കരിയറിനൊടുവില്‍ 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയണ് അവസാന ഏകദിനം കളിച്ചത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. 2000ല്‍ നയ്‌റോബിയില്‍ കെനിയയ്‌ക്കെതിരായ ഏകദിന മല്‍സരത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 304 ഏകദിനങ്ങളില്‍നിന്ന് 36.55 റണ്‍ ശരാശരിയില്‍ 8701 റണ്‍സാണ് സമ്പാദ്യം. 14 സെഞ്ചുറികളും 52 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത്രയും മല്‍സരങ്ങളില്‍നിന്ന് 111 വിക്കറ്റും സ്വന്തമാക്കി. 31 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 94 ക്യാച്ചും നേടിയിട്ടുണ്ട്.
40 ടെസ്റ്റുകളില്‍നിന്ന് 33.92 റണ്‍ ശരാശരിയില്‍ 1900 റണ്‍സും നേടി. മൂന്നു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറികളും സഹിതമാണിത്. ഒമ്പത് വിക്കറ്റുകളും 31 ക്യാച്ചും ടെസ്റ്റ് കരിയറിനു തിളക്കമേറ്റുന്നു.
ട്വന്റി 20യില്‍ 58 മല്‍സരങ്ങളില്‍നിന്ന് 28.02 റണ്‍ ശരാശരിയില്‍ 1177 റണ്‍സാണ് സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെ നേടിയ 77 റണ്‍സ്. 31 വിക്കറ്റും 12 ക്യാച്ചും ട്വന്റി 20യില്‍ സ്വന്തമായുണ്ട്. 17 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം.