മാഡ്രിഡ്: മുന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന കുപ്പായം അഴിച്ചു. തുടര്‍ച്ചയായ മൂന്നു ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെ സിദാന്‍ റയല്‍ വിടുന്നുവെന്ന് അപ്രതീക്ഷിത തീരുമാനം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.
റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനമായ വാള്‍ഡെബെബാസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് റയല്‍ വിടുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനം. 2020 വരെ റയലുമായുള്ള കരാര്‍ നിലനില്‍ക്കെയാണ് സിദാന്‍ രാജി പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന കരിയറിനു വിരാമമിട്ടത് ഇതു മാറ്റത്തിനുള്ള സമയം ആണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു.
ഇത് അനായാസമായി പറയാന്‍ കഴിയുന്ന കാര്യമല്ല. ഞാന്‍ പരിശീലകനായി തുടരുകയാണെങ്കില്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മദമേറിയ കാര്യമാണെന്നും സിദാന്‍ വ്യക്തമാക്കി. റയല്‍ വിട്ടാലും നിലവില്‍ മറ്റൊരു ടീമിന്റെയും പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും സിദാന്‍ അറിയിച്ചു. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസുമായി ഇക്കാര്യം സംസാരിച്ചതിനു ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും മുന്‍ ഫ്രഞ്ച് താരം കൂട്ടിച്ചേര്‍ത്തു. തന്റെ തീരുമാനത്തെ റാമോസ് ബഹുമാനിക്കുന്നുവെന്നും സിദാന്‍ പറഞ്ഞു.
2016 ലാണ് സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. റാഫേല്‍ ബെനിറ്റൈസില്‍ നിന്ന് ഒഴിഞ്ഞശേഷമായിരുന്നു റയലിലേക്കുള്ള മാസ് എന്‍ട്രി. പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായി മൂന്നു ചാമ്ബ്യന്‍സ് ലീഗ് കിരീടം റയല്‍ ഉയര്‍ത്തിയിരുന്നു.